ഈ വെബ് സൈറ്റ് നിര്‍മ്മാണ പുരോഗതിയിലാണ് പൂര്‍ണ്ണായും തയ്യാറായിട്ടില്ല
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

മൂക്കന്നൂര്‍ എന്ന പേര് പുരാതനമായി അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തിന്റെ സൂചനയാണ്. ഊര് എന്ന തമിഴ് പദത്തില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. വളരെ പുരാതന കാലത്ത് തന്നെ ഈ പ്രദേശം ജനനിബിഡമായിരുന്നുവെന്നും പിന്നീടുണ്ടായ യുദ്ധമോ പകര്‍ച്ച വ്യാധികളോ പ്രകൃതിക്ഷോഭമോ കൊണ്ട് ജനങ്ങള്‍ ഒഴിഞ്ഞുപോയതാണെന്നും അങ്ങിനെ കുറേക്കാലം വനപ്രദേശമായിരുന്നുവെന്നും വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല്‍ ചീനം ചിറയില്‍ കണ്ടെത്തിയ കല്‍പടവുകളും കല്‍ക്കെട്ടുകളും നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട മുനിയറകളും വലിയ മണ്‍ഭരണികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും അതിന് മുന്നിലുള്ള ആലും, തേവര്‍ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും മുകളില്‍ രേഖപ്പെടുത്തിയ വിശ്വാസത്തിന് പിന്‍ബലമാകുന്നു. നമ്പൂതിരി ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഏതാനും വന്‍കിട ഭൂഉടമകളുടെയും വകയായിരുന്ന കൃഷിയിടങ്ങള്‍ ഭൂപരിഷ്കരണനിയമം വന്നതോടെ പാട്ടക്കാരുടെയും കുടികിടപ്പുകാരുടെയും സ്വന്തമായി തീര്‍ന്നു. ബഹുഭൂരിപക്ഷം പേരും ഇടത്തരം കര്‍ഷകരായിരുന്നു. നെല്‍കൃഷിക്ക് പുറമേ ഇഞ്ചിപ്പുല്ല് (പുല്‍ തൈലം) മരിച്ചീനി, റബ്ബര്‍, കുരുമുളക്, അടയ്ക്ക എന്നിവയായിരുന്നു ആദ്യകാല വിളകള്‍. ചാലക്കുടി ഇടതുകരകനാല്‍ നാടിന്റെ കാര്‍ഷിക മേഖലയുടെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. വിദ്യാഭ്യാസരംഗത്ത് ഈ പഞ്ചായത്തിന്റെ ചരിത്രപശ്ചാത്തലം വളരെ പഴക്കമുള്ളതാണ്. കുടിപള്ളിക്കൂടങ്ങളാണ് ഇതിന്റെ ആദ്യസംരംഭം. ഈ രംഗത്ത് വെട്ടിയ്ക്ക ഔസേഫ് ആശാനും (വല്ല്യശാന്‍) ആഴകത്തെ കുട്ടനാശ്ശാനും സ്മരിക്കപ്പെടേണ്ടവരാണ്. 1883-ല്‍ സ്ഥാപിതമായ മൂക്കന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവക ജനങ്ങളുടെ ശ്രമഫലമായി ആരംഭിച്ച ലോവര്‍ പ്രൈമറി സ്ക്കൂളാണ് ഈ നാട്ടിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. പിന്നീട് ഇത് സര്‍ക്കാരിന് വിട്ടുകൊടുത്തു. ഇന്ന് ഈ സ്ഥാപനം ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1953-ലാണ് മൂക്കന്നൂരില്‍ ആദ്യമായി ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തില്‍ ആരംഭിച്ചകാല ഘട്ടത്തില്‍ തന്നെ പഞ്ചായത്തില്‍ ഒരു റൂറല്‍ സെന്‍ട്രല്‍ ലൈബ്രറി ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളുണ്ട്. ഇതില്‍ പഞ്ചായത്ത് ലൈബ്രറിയും ഉള്‍പ്പെടുന്നു. തിരുഹൃദയ അനാഥശാലാ ദേവാലയത്തിലെ വി.കൊച്ചു ത്രേസ്യയുടെ തിരുനാളും കുട്ടാല അമ്പലത്തിലെ മുടിയേറ്റും ശ്രീസുബ്രമണ്യക്ഷേത്രത്തിലെ ഉത്സവവും കോക്കുന്ന് സെഹിയോന്‍ പള്ളിയില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങളും ഈ നാടിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. കലാരംഗത്ത് മൂക്കന്നൂരിന്റെ നേട്ടങ്ങള്‍ ഏറെ അഭിമാനിക്കാവുന്നവയാണ്. സിനിമാ നിര്‍മ്മാതാവും നടനുമായിരുന്ന മൂക്കന്നൂര്‍ സെബാസ്റ്റ്യന്‍, ആര്‍ട്ടിസ്റ്റ് ദേവസ്സി, പിന്നണി ഗായിക മിന്‍മിനി, കവി കെ.വി.ബേബി, നാടക നടീനടന്‍മാരായ മൂക്കന്നൂര്‍ എല്‍സി. പോള്‍ പുതുശ്ശേരി, നാടക-ടി വി സിനി ആര്‍ട്ടിസ്റ്റ് എന്‍.ഒ.തോമസ്സ്, റേഡിയോ ആര്‍ട്ടിസ്റ്റ് പി.ഡി.ആന്റണി എന്നിവര്‍ മൂക്കന്നൂരിന്‍റെ അഭിമാനഭാജനങ്ങളാണ്. മൂക്കന്നൂരിന്‍റെ ചരിത്രവും സാംസ്ക്കാരിക പശ്ചാത്തലവും പരാമര്‍ശിക്കുമ്പോള്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിത്വം ഫാ.ബസേലിയൂസച്ചന്റേതാണ്. ഫാ.തോമസ് പാണാട്ടച്ചന്‍ ഈ നാടിന്‍റെ വളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തൂലമാണ്. തിരുഹൃദയ അനാഥശാലയും ചെറുപുഷ്പ സന്യാസാശ്രമവും ഈ നാടിന്‍റെ വളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളും നിസ്തൂലമാണ്. മതാചാരങ്ങളും ഉത്സവങ്ങളും തിരുനാളുകളും ഈ നാടിനെ സ്വാധീനിച്ചിട്ടുണ്ട്. മൂക്കന്നൂരിനെ സംബന്ധിച്ചിടത്തോളം ചെറുപുഷ്പാശ്രമത്തിലെ വി.കൊച്ചുത്രേസ്യായുടെ തിരുനാള്‍, ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം, കൂട്ടാല അമ്പലത്തിലെ മുടിയേറ്റ്, ആഴകം ഹെര്‍മ്മോന്‍ പള്ളി, മൂക്കന്നൂര്‍ സെഹിയോന്‍ പള്ളി, പൂതം കുറ്റി സെന്റ് മേരീസ് പള്ളി, മൂക്കന്നൂര്‍ സെന്‍റ് മേരീസ് പള്ളി, കോക്കുന്ന് സെന്‍റ് ജോസഫ്സ് പള്ളി, താബോര്‍ തിരുക്കുടുംബ ദേവാലയം തുടങ്ങിയ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും തിരുനാളുകളും ദേവാലയങ്ങളിലെ തിരുനാളും ഇവിടുത്തെ ജനങ്ങളുടെ സാംസ്ക്കാരിക വളര്‍ച്ചയ്ക്ക് ഉപകരിച്ചിട്ടുണ്ട്. ഇവിടുത്തെ ഗ്രന്ഥശാലകളുടെയും ക്ളബ്ബുകളുടെയും ആഘോഷങ്ങളും മത്സരങ്ങളും ഇതില്‍പ്പെടും. 1940-ല്‍ ഗ്രന്ഥശാല പ്രസ്ഥാനം ഇവിടെ ആരംഭിച്ചു. ഓണാവസരങ്ങളില്‍ ഓണക്കളി, തിരുവാതിരക്കളി, ക്രിസ്ത്യന്‍ വിവാഹങ്ങളോടനുബന്ധിച്ച് പരിചമുട്ട് കളി, കോല്‍ക്കളി ഇതൊക്കെ പഴയകാലത്തെ കലയിലൂടെയുള്ള മെയ്യഭ്യാസങ്ങളായിരുന്നു. ക്ഷേത്ര പ്രവേശനവിളംബരം വരുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ ആളുകള്‍ അധസ്ഥിതരുമായി പന്തിഭോജനവും സഹവര്‍ത്തിത്വവും നടത്തിയിരുന്നു.